വ്യാജപീഡനവാർത്ത നൽകിയതിന് പിന്നാലെ മധ്യവയസ്ക്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ
Monday, April 14, 2025 6:25 AM IST
ഭുവനേശ്വർ: വ്യാജ പീഡനവാർത്ത വന്നതിന് പിന്നാലെ കുറ്റാരോപിതൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ. ഒഡീഷയിലെ കേന്ദ്രപാറയിലാണ് സംഭവം.
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പരാതി നൽകിയ യുവതി ഒളിവിലാണ്.
പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് 50കാരനായ ഒരാൾ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പിൽ ഇയാൾ മാധ്യമപ്രവർത്തകരുടെയും യുവതിയുടെയും പേര് എഴുതിച്ചേർത്തിരുന്നു.
തന്റെ ഭർത്താവിന്റെ മരണത്തിന് മൂന്ന് പേർ ഉത്തരവാദികളാണെന്ന് ആരോപിച്ച് മരിച്ചയാളുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായവരെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിലുള്ള യുവതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.