ബെവ്കോ ഔട്ട്ലെറ്റ് ക്യൂവിൽ പത്തുവയസുകാരിയെ നിര്‍ത്തിയത് അച്ഛന്; പോലീസ് കേസ് എടുത്തു
Monday, April 14, 2025 12:22 AM IST
പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റ് ക്യൂവിൽ പത്തു വയസുകാരിയെ നിര്‍ത്തിയത് അച്ഛനെന്ന് പോലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് അച്ഛന്റെ വിശദീകരണം. ബന്ധുവാണ് കുട്ടിയെ നിർത്തിയതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് വിവരം പുറത്തുവന്നിരിക്കുന്നത്.
തൃത്താല മാട്ടായി സ്വദേശിയായ കുട്ടിയുടെ അച്ഛനോട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകി. വിഷു തലേ ദിവസമായതിനാൽ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ഇയാൾ ഔട്ട്ലെറ്റിൽ എത്തുന്നത്.
ക്യൂവിൽ നിൽക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ വരിയിൽനിന്നു മാറ്റിനിർത്താൻ ഇയാൾ തയാറായില്ലെന്നും ആരോപണമുണ്ട്.