കണികണ്ടുണരണം; നാടാകെ വിഷു ഒരുക്കങ്ങളിൽ
Sunday, April 13, 2025 3:05 PM IST
തിരുവനന്തപുരം: കേരളത്തിലെ കാർഷികോത്സവവും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവവുമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ഓണത്തിന്റെ ഉത്രാടപ്പാച്ചിൽ പോലെ ഇന്ന് വിഷുത്തലേന്നുള്ള പാച്ചിലിന്റെ ദിവസമാണ്.
ഇന്ന് ഞായറാഴ്ചയാണെങ്കിലും വിഷുത്തലേന്ന് കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിഷുക്കണി ഒരുക്കാനും സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ വാങ്ങാനുമായി ആളുകൾ ഒഴുകിയതോടെ ചന്തകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കേറി. പലയിടത്തും റെഡിമെയ്ഡ് വിഷുസദ്യകൾ വിഭവസമൃദ്ധമായ കറികളും പപ്പടവും പായസങ്ങളുമടക്കം വിതരണം ചെയ്യുന്നുണ്ട്. വിഷുവിന് പുതുവസ്ത്രങ്ങൾ വാങ്ങാൻ തുണിക്കടകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.
വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും തിങ്കളാഴ്ച നടക്കും. പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി ദർശനം. മേല്‍ശാന്തി കാവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണികണ്ടതിനുശേഷം തീര്‍ഥക്കുളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം.
ഇന്നു രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാര്‍ ചേര്‍ന്ന് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും. നമസ്കാര മണ്ഡപത്തിലും കണി ഒരുക്കും. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചശേഷം മേല്‍ശാന്തി ഗുരവായൂരപ്പനെ കണികാണിക്കും.
തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ചുവയ്ക്കും. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് കണി ദര്‍ശനം.
ക്ഷേത്രത്തിൽ രാവിലെയും വൈകീട്ടും മേളത്തോടെയുള്ള കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നെള്ളിപ്പുമാണ്. സന്ധ്യക്ക് തായമ്പകയും ഉണ്ടാവും.