ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചെന്ന് പരാതി
Sunday, April 13, 2025 12:53 PM IST
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ദേവാലയത്തിന്റെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടത്തിയിരുന്ന കുരുത്തോല പ്രദക്ഷണത്തിന് പോലീസ് അനുമതി നിഷേധിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച വിശ്വാസികൾ കുരിശിന്റെ വഴി ചൊല്ലി പ്രദക്ഷണമായി എത്തുന്നത് പതിവായിരുന്നു. എന്നാൽ ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പ്രദക്ഷണത്തിന് സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
അനുമതി ലഭിക്കാത്തതിനെ തുടർന്ന് പള്ളി അങ്കണത്തിൽ വിശ്വാസികൾ പ്രദക്ഷണം നടത്തുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷവും സമാനമായി പ്രദക്ഷണം നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന കുരുത്തോല പ്രദക്ഷണത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചത്.
അതേസമയം, വളരെ നേരത്തെ തന്നെ പ്രദക്ഷിണത്തിന് അനുമതി തേടിയിരുന്നതാണെന്ന് വികാരി ഫാ. ഫ്രാൻസിസ് സോമരാജ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ അനുമതി നല്കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി പോലീസിന്റെ നടപടിക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി യാതൊരു ഗതാഗത തടസമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ നടത്തിയിരുന്ന പ്രദക്ഷണത്തിന് അനുമതി നിഷേധിച്ചത് രാജ്യത്ത് ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഡൽഹി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മ ആരോപിച്ചു. രാജ്യത്ത് ഉടനീളം ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമത്തിന്റെ മറ്റൊരു രൂപമാണിതെന്നും വിശ്വാസി സമൂഹം ചൂണ്ടിക്കാട്ടി.