കെ.എം. എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു; എബ്രഹാമിനെതിരെ തെളിവുണ്ട്, ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി
Sunday, April 13, 2025 10:24 AM IST
എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചുവെന്ന് ഹൈക്കോടതി. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നും കോടതി പറഞ്ഞു.
എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമർശങ്ങൾ. വിജിലൻസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ.എം. എബ്രഹാം എന്ന കാര്യം ഹൈക്കോടതി എടുത്തുപറഞ്ഞു.
വിജിലൻസ് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ട്. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അതേസമയം കെ.എം. എബ്രാഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്.
കെ.എം.എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി 2015-ലാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2015-ൽ ധനവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കെ.എം.എബ്രഹാം. ഈ കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.
ഇതില്‍ തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ പദവികളിൽ തുടരുകയാണ് എബ്രഹാം.
നേരത്തേ സംസ്ഥാന വിജിലൻസ് കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്.