നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര്; ബിജെപിയിലും ഭിന്നത
Saturday, April 12, 2025 1:02 PM IST
പാലക്കാട്: നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ ബിജെപിയിൽ ഭിന്നത. ആർഎസ്എസിന്റെ അനുമതി വാങ്ങാതെയാണ് പേര് നൽകിയതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
ഹെഡ്ഗേവാറിന്റെ പേര് ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ആർഎസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിന്റെ പേര് നൽകുന്ന വിഷയമാണ് വിവാദമായിരിക്കുന്നത്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരേ വെള്ളിയാഴ്ച യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
ആരൊക്കെ പ്രതിഷേധത്തിന് ഇറങ്ങിയാലും ഹെഡ്ഗേവാറിന്റെ പേര് നൈപുണ്യ വികസന കേന്ദ്രത്തിന് നൽകുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടുപോകില്ലെന്ന് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി.