ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാൻ ഗർഭിണി; സ്ഥിരീകരിച്ച് ജയിൽ സൂപ്രണ്ട്
Saturday, April 12, 2025 12:30 PM IST
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയിൽ സൂപ്രണ്ട്.
കഴിഞ്ഞ ദിവസമാണ് മുസ്കാനെ സ്കാനിംഗിനു വിധേയയാക്കിയത്. മുസ്കാൻ ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്കാനിംഗിൽ വ്യക്തമായത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശർമ പറഞ്ഞു.
ഭർത്താവ് സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാർച്ച് 19നാണ് മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വീപ്പയിൽ ഒളിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം ഹിമാചൽപ്രദേശിലേക്ക് പോയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അറസ്റ്റിന് ശേഷം മീററ്റ് ജില്ലാ ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ മുസ്കാന് കാണിച്ച് തുടങ്ങിയത്. പിന്നാലെയാണ് ഇവരെ മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയയാക്കിയത്.
മാര്‍ച്ച് നാലിനാണ് മുസ്കാനും സഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഈ സമയം മുസ്കാൻ ഗർഭിണിയായിരുന്നു. കാമുകന് സാഹില്‍ ശുക്ലയില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് മയങ്ങിയ സൗരഭിനെ കത്തികൊണ്ട് കുത്തിയാണ് കൊന്നത്. പിന്നീട് ശരീരം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയായിരുന്നു.
മാർച്ച് 18ന് മുസ്കാൻ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി.