ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹൈക്കോടതി
Saturday, April 12, 2025 7:24 AM IST
കൊച്ചി: ജീവനക്കാരുടെ ലഹരി ഉപയോഗം ബസുകള്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്നുണ്ടെന്ന് ഹൈക്കോടതി. സ്വകാര്യബസിലെ പല ഡ്രൈവര്‍മാരും ലഹരി ഉപയോഗിച്ചെന്ന കേസുകളില്‍ പ്രതികളാണെന്നു ചൂണ്ടിക്കാട്ടി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിരീക്ഷണം.
ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. നഗരത്തില്‍ സ്വകാര്യബസിടിച്ചു ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവത്തിന്റെ തുടര്‍ച്ചയായാണു കര്‍ശന നടപടികള്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്.
ലഹരി ഉപയോഗിക്കുകയോ കൈവശം കരുതുകയോ ചെയ്യുന്ന സ്വകാര്യബസ് ജീവനക്കാരെ പിന്നീട് സ്വകാര്യബസില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ കൂടെ കരുതണമെന്ന നിബന്ധന നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.