വ്യാപാര കരാര്‍; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി വിട്ടുവീഴ്ചക്കില്ലെന്ന് പീയുഷ് ഗോയല്‍
Saturday, April 12, 2025 12:34 AM IST
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്പര്യത്തെ ഹനിക്കാത്ത വിധത്തിലായിരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. തിടുക്കപ്പെട്ടുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാരകരാര്‍ സംബന്ധിച്ച് യുഎസുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പൊതുജനതാല്പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
യുഎസുമായി മികച്ച വ്യാപാരബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2030- ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തിക്കാനുള്ള ലക്ഷ്യമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.