മാസപ്പടി കേസ്; കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു, വീണയടക്കമുള്ളവർക്ക് സമൻസ് അയക്കും
Friday, April 11, 2025 8:21 PM IST
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരായ കുറ്റപത്രമാണ് വിചാരണ കോടതി അംഗീകരിച്ചത്.
പ്രതികൾക്ക് സമൻസ് അയച്ച് തുടർ നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകി. കേസ് കമ്പനി ചട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ നേരിട്ട് സമൻസ് അയക്കാം.
എസ്എഫ്ഐഒ നല്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണു പ്രതികള്‍.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്.കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്സ ഇന്ത്യ, എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. വീണ തൈക്കണ്ടിയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കമ്പനി നിയമമനുസരിച്ച് പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്കിയ വിചാരണ അനുമതി അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. സേവനം നല്‍കാതെ വീണ തൈക്കണ്ടിയില്‍ 2.7 കോടി രൂപ കൈപ്പറ്റി, രാഷ്ട്രീയനേതാക്കള്‍ക്കു സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്കി, കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് നല്കി, സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി എന്നിവയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.