വെള്ളാപ്പള്ളി എന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു, മലപ്പുറത്ത് പറഞ്ഞത് രാഷ്ട്രീയ പാർട്ടിക്കെതിരെ; പിന്തുണയുമായി മുഖ്യമന്ത്രി
Friday, April 11, 2025 6:30 PM IST
ചേർത്തല: മലപ്പുറം പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം രാഷ്ട്രീയ പാർട്ടിക്കെതിരെയാണ് പറഞ്ഞതെന്നും ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്.
ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കാൻ എസ്എൻഡിപി യോഗം അംഗങ്ങൾക്ക് ആശയും ആവേശവും നൽകി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. അനിതരസാധാരണമായ കർമ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയിൽ എത്തി നിൽക്കുന്നു.
വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാക്കിനുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നു.
രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിർവഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹം തയാറായി. കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എൻഡിപി. അതിനെ മുപ്പത് വർഷം നയിച്ചത് അപൂർവതയാണ്.
കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓർക്കണം. വെള്ളാപ്പള്ളിക്ക് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.