മാസപ്പടി കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; ഉന്നം പിണറായിയെന്ന് ഗോവിന്ദൻ
Friday, April 11, 2025 5:26 PM IST
തിരുവനന്തപുരം: മാസപ്പടി കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വീണയെ കേസിൽ വലിച്ചിഴയ്ക്കുന്നു.
കോടിയേരിയുടെ മകനും പിണറായിയുടെ മകൾക്കും എതിരായ കേസ് രണ്ടും രണ്ടാണ്. മാസപ്പടി കേസ് ഉന്നംവയ്ക്കുന്നത് വീണയെയല്ല. മറിച്ച് പിണറായിയെ ആണെന്നും ഗോവിന്ദൻ പറഞ്ഞു.
രണ്ട് കമ്പനികൾ തമ്മിലുള്ള സേവനവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ഇടപാട് സുതാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെയാണോ ഇല്ലാതായത് അതുപോലെ ഇപ്പോഴത്തെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണവും ആവിയായി തീരും.
അതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെ തകർക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് നീക്കം. ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധിക്കും എന്നും ഗോവിന്ദൻ വ്യക്തമാക്കി.