മാസപ്പടിക്കേസ് രാഷ്ട്രീയ പ്രേരിതമല്ല; മുഖ്യമന്ത്രി ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്
Thursday, April 10, 2025 12:38 PM IST
തിരുവനന്തപുരം: മാസപ്പടിക്കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണെന്നും അത് അത്രവേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. എന്റെ രാജിയാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതു നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ സാമാന്യബുദ്ധിക്കു നിരക്കാത്ത ചോദ്യങ്ങളാണു ചോദിക്കുന്നതെന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി ആശാ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായിപ്പോയെന്നും സതീശൻ പറഞ്ഞു.. 60 ദിവസമായി നടക്കുന്ന സമരമാണ്. മുഖ്യമന്ത്രി ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കിട്ടിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെറ്റാണ്.
ആശമാർ വന്നതിനുശേഷം കേന്ദ്രം ഇൻസെന്റീവ് വർധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2010ൽ ഇൻസെന്റീവ് കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് പോരാ. സമരത്തിനൊപ്പമാണ് പ്രതിപക്ഷം. ആ സമരത്തിന് പൂർണ പിന്തുണ നൽകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.