തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി; വിമാനം യുഎസില്‍ നിന്ന് പുറപ്പെട്ടു
Thursday, April 10, 2025 1:08 AM IST
വാഷിംഗ്ണ് ഡിസി: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്യും.
എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങ്ങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ കൈമാറ്റ വ്യവസ്ഥകള്‍ക്കനുസരിച്ചാവും കസ്റ്റഡി തീരുമാനമെന്ന് മുംബൈ പോലീസ് അറിയിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.
ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും.
പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമയ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്.
2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്സില് താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.