ആശാവർക്കർമാരുടെ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയാണ്: മുഖ്യമന്ത്രി
Wednesday, April 9, 2025 8:16 PM IST
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശാ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ സമരം വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സംസ്ഥാനത്ത് 26125 ആശമാരുണ്ട്. 95% ആശമാർ സമരത്തിൽ ഇല്ല. ചെറിയ വിഭാഗം ആയത് കൊണ്ട് സമരത്തെ സർക്കാർ അവഗണിച്ചില്ല. അഞ്ച് വട്ടം സമരക്കാരുമായി ചർച്ച നടത്തി. സമര സമിതി ഉന്നയിച്ച പല ആവശ്യങ്ങളും നടപ്പാക്കി. ഉപാധി രഹിത ഓണറേറിയം ചർച്ചയുടെ അടിസ്ഥാനത്തിൽ നടപ്പാക്കി. വേതന കുടിശിഖ തീർത്തു.'-പിണറായി വിജയൻ പറഞ്ഞു.
21000 ഓണറേറിയം നൽകിയാലേ പിന്മാറൂ എന്നാണ് സമര സമിതിയുടെ നിലപാട്. അനുകൂല സാഹചര്യം ഉണ്ടായാൽ ആ ആവശ്യം പരിഗണിക്കും. ഓണറേറിയം കൂട്ടുന്നത് പഠിക്കാൻ സമിതിയെ വെക്കാമെന്ന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും സമരം തുടരുകയാണ്. ആശമാരോട് സർക്കാരിന് ഒരു വിരോധവുമില്ല. സർക്കാരിന് വാശിയുമില്ല. സമരം അവസാനിപ്പിക്കുകയാണ് സമരക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.