കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു
Wednesday, April 9, 2025 7:40 PM IST
പാറ്റ്ന: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം.
സുഷ്മാ ദേവിക്ക് വെടിയേല്ക്കുമ്പോള് അവരുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കത്തിനിടെ സുഷ്മയെ ഭര്‍ത്താവ് നാടന്‍ തോക്കുപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു.
ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ രക്തം വാര്‍ന്നുകിടക്കുന്ന സുഷ്മയെ ആണ് കണ്ടത്. വീട്ടില്‍ വെച്ചുതന്നെ അവര്‍ മരിച്ചുവെന്നാണ് പൂനം പോലീസിനോട് പറഞ്ഞത്. വെടിയൊച്ച് കേട്ട് സമീപവാസികളും ഓടിയെത്തിയെങ്കിലും അപ്പൊഴേക്കും ഭര്‍ത്താവ് രമേഷ് കടന്നുകളഞ്ഞിരുന്നു. ഇയാളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരും ഡവലപ്മെന്റ് സൈറ്റികള്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന വികാസ് മിത്രയായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു കൊല്ലപ്പെട്ട സുഷ്മ ദേവി. ബിഹാര്‍ സര്‍ക്കാരിന്റെ മഹാദളിത് വികാസ് മിഷന്റെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭര്‍ത്താവ് രമേഷ് പട്നയില്‍ ട്രക്ക് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.