ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ല: രാഹുൽ ഗാന്ധി
Wednesday, April 9, 2025 5:52 PM IST
അഹമ്മദാബാദ്: രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ലെന്നും എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു.
അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നുവെന്നും ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂവെന്നും രാഹുല്‍ പറഞ്ഞു.
"ആർഎസ്എസ് ആശയങ്ങളോട് പൊരുതും. ആ ആശയങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെതല്ല. ഭരണഘടനയെ രാംലീല മൈതാനിയിൽ കത്തിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല.'-രാഹുൽ കൂട്ടിച്ചേർത്തു.
ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസ് നടത്തില്ല എന്ന് മോദി പറയുന്നുണ്ട്. ഓരോ വിഭാഗത്തിന്റെയും കൃത്യമായ കണക്ക് വേണം. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.