ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയം; വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ.സുരേന്ദ്രൻ
Tuesday, April 8, 2025 4:53 PM IST
മലപ്പുറം: വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യമാണ്.
ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മലപ്പുറത്ത് നടക്കുന്ന പല കാര്യങ്ങളും മറ്റുള്ള സ്ഥലങ്ങളിലേത് പോലെയല്ല. മലപ്പുറത്ത് ചില മാസം ഒരുതുള്ളി വെള്ളം പോലും ആർക്കും ലഭിക്കില്ല.
ഇതൊരു ഫാസിസ്റ്റ് സമീപനമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണിത് പറയുന്നത്. ഒരു പുരോഗമന പാർട്ടിക്കാരും അതിനെപ്പറ്റി സംസാരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.