ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ച് സുരേഷ് ഗോപി
Tuesday, April 8, 2025 2:28 PM IST
ന്യൂഡൽഹി: ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.
നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചെത്തിയിട്ടുണ്ട്.
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ചർച്ച നടത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വ്യാപാര വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സാന്പത്തിക, വ്യാപാര സഹകരണം പരന്പരാഗതവും അല്ലാത്തതുമായ മേഖലകളിൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.