ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ആർസിബി
Monday, April 7, 2025 11:58 PM IST
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയക്കുതിപ്പ് തുടരുന്നു. 222 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
സ്കോർ: ബംഗളൂരു 221/5, മുംബൈ 209/9. നാലോവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനം ആർസിബി വിജയത്തിൽ നിർണായകമായി. 29 പന്തിൽ 56 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറര്‍.
15 പന്തിൽ 42 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ (17), റയാൻ റിക്കിൾട്ടൻ (17), വിൽ ജാക്സ് (22) എന്നിവരെ നഷ്ടമായ മുംബൈ 12.2 ഓവറിലാണ് 100 പിന്നിടുന്നത്. 28 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായതോടെ മുംബൈ തോൽവി മണത്തു.
എന്നാൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും നടത്തിയ രക്ഷാപ്രവർത്തനം മുംബൈയ്ക്കു തുണയായി. അതോടെ മുംബൈക്ക് ജയപ്രതീക്ഷ കൈവന്നു. സിക്സറുകളുമായി ഹാര്‍ദിക് പാണ്ഡ്യയാണ് ആര്‍സിബി ബൗളര്‍മാരെ കടന്നാക്രമിച്ചത്. പിന്നാലെ തിലകും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ മുംബൈ 16 ഓവറില്‍ 170 റണ്‍സിലെത്തി.
പിന്നാലെ തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചു. തിലക് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഭുവനേശ്വര്‍ വിക്കറ്റ് പിഴുതു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും(42) മടങ്ങി. അതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സിന് മുംബൈ ഇന്നിംഗ്സ് അവസാനിച്ചു.
അവസാന ഓവറിൽ വെറും ആറു റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ (64), വിരാട് കോഹ്ലി (67) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട മുംബൈ എട്ടാം സ്ഥാനത്താണ്.