ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
Monday, April 7, 2025 4:22 PM IST
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന് ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് കോടതി നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ കേസിലെ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴടക്കം ചില സിനിമ താരങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു.
ഈ താരങ്ങളെ വിളിച്ച് വരത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.