പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി; ചില്ലറ വില്പനവിലയില് മാറ്റമില്ല
Monday, April 7, 2025 3:54 PM IST
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. യുഎസ് പകരം തീരുവ ചുമത്തിയതുമൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ഫലമായി ക്രൂഡ് ഓയിൽ വില ഇടിയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
അതേസമയം ഇന്ധന വില വർധന ഗാർഹിക ബജറ്റുകളെ താളം തെറ്റിച്ചെക്കും. ഗതാഗത, ചരക്ക് വിലകൾ വർധിക്കാനും കാരണമാകും. ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് എട്ട് മുതൽ പ്രാബല്യത്തിൽ വരും.
എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ചില്ലറ വിൽപനവിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.