വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ലെന്ന് മന്ത്രി ശശീന്ദ്രൻ
Monday, April 7, 2025 9:01 AM IST
തിരുവനന്തപുരം: വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. നാട്ടുകാരുടെ ആരോപണം ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സോളാർ ഫെൻസിംഗ് തകർത്താണ് കാട്ടാനകൾ എത്തിയത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ല. പുതിയ മാർഗങ്ങൾ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഒൻപതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പാലക്കാട് യോഗം ചേരും. പ്രദേശത്ത് കൂടുതൽ ആർആർടികളെ നിയോഗിക്കും. കാട്ടാനകളെ പിടികൂടാനോ ഉൾവനത്തിലേക്ക് തുരത്താനോ ഉള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.