പാലക്കാട്ട് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപി പ്രവർത്തകർ
Monday, April 7, 2025 1:12 AM IST
പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപി പ്രവർത്തകരുടെ പ്രതിഷേധം. പാലക്കാട് കൊല്ലങ്കോട് മുതലമടയിലാണ് സംഭവം.
മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെ മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മുതലമടയിലെ എസ്എൻഡിപിയുടെ പ്രതിഷേധം.
വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേതൃത്വം നടത്തുന്ന ആക്രമണങ്ങൾ നോക്കിനിൽക്കാനാവില്ലെന്നും ചെറുത്തുതോൽപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി പറഞ്ഞത്.
മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നുമാണ് വെള്ളാപ്പള്ളിയുടെ അധിക്ഷേപം.
പ്രസംഗം വിവാദമായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘനകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.