ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
Sunday, April 6, 2025 8:21 PM IST
തിരുവനന്തപുരം: കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും അടിയന്തര നടപടി സ്വീകരിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. കൊല്ലം മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് സംഭവം.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാാണ് ഇത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ പോലീസിൽ പരാതി നൽകി.
ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടി തോരണങ്ങൾ കെട്ടിയതിലും പരാതി ഉയർന്നിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.
സ്പോൺസർമാർ പറഞ്ഞതനുസരിച്ചാണ് പാട്ട് പാടിയതെന്ന് ഗാനമേളട്രൂപ്പിലുള്ളവർ പറയുന്നു.