മലപ്പുറത്തെക്കുറിച്ച് പരാമർശം: വെള്ളാപ്പള്ളിക്ക് കിട്ടിയത് പൂച്ചക്കുട്ടിയുടെ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി
Sunday, April 6, 2025 1:45 PM IST
മലപ്പുറം: മലപ്പുറത്തെക്കുറിച്ചുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ഇവിടെ പിന്നോക്ക വിഭാഗത്തിന് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലും അവകാശമില്ല. വായു ശ്വസിക്കുവാന്‍ സ്വാതന്ത്ര്യമില്ല എന്നുള്ളതാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ആ പ്രസ്താവന വന്നതിനുശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണയാണ് കിട്ടിയത്. ആരെങ്കിലും അതിനെ പിന്തുണച്ചോ നല്ല അഭിപ്രായം പറയുകയോ ചെയ്തില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത് കേരളമല്ലേ. കേരളത്തില്‍ ഇത്തരം പ്രസ്താവനകളൊക്കെ ശ്രദ്ധ കിട്ടാന്‍ വേണ്ടി നടത്തുന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിന് ഇത് ഉതകുമെന്ന് കരുതി ഇത്തരം പ്രസ്താവനകൾ നടത്തുന്ന ആളുകളുണ്ട്. ഇത് കേരളമാണെന്ന് അവർ അറിയുന്നില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല ഉള്‍ക്കൊള്ളുന്ന മൂന്ന് മണ്ഡലം ഉള്‍ക്കൊള്ളുന്ന വയനാട്ടിൽ ഇവർ മത്സരിച്ചല്ലോ. ഇവിടുന്ന് കിട്ടിയ വോട്ട് എത്രയാണ്. ഈ പറഞ്ഞ മലപ്പുറം ജില്ലയില്‍ നിന്ന് അവര്‍ക്ക് എത്ര വോട്ട് കിട്ടി? നാമമാത്രമായ വോട്ട്. ഇതാണ് ഇവർക്കൊക്കെയുള്ള പിന്തുണയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.