ഓണററി പദവി റദ്ദാക്കിയ നടപടി: കോടതിയെ സമീപിക്കുമെന്ന് കെ. സുനിൽ
Sunday, April 6, 2025 12:30 PM IST
കോഴിക്കോട്: ഓണററി പദവി റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ. ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കിയ നടപടി അംഗീകരിക്കില്ലെന്നും സുനിൽ പറഞ്ഞു.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവച്ചു കൊല്ലുമെന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് ഓണററി പദവി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം.
കഴിഞ്ഞ മാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവച്ചുകൊല്ലുമെന്ന തീരുമാനമെടുത്തത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാര്ഡൻ പദവി സര്‍ക്കാര്‍ നൽകിയത്.