യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു
Sunday, April 6, 2025 2:57 AM IST
പ്രയാഗ്രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്.
ചുമതലയേറ്റെങ്കിലും ജുഡീഷൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരണം.
ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ജസ്റ്റീസ് യശ്വന്ത് വർമ. ജഡ്ജിയുടെ വസതിയിൽ തീപിടിക്കുകയും തുടർന്ന് തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തുകയുമായിരുന്നു.
മാർച്ച് 14നാണ് ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകൾ കണ്ടെടുക്കുന്നത്.