വഖഫ് ഭേദഗതി ഇനി നിയമം; ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി
Sunday, April 6, 2025 12:19 AM IST
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതോടെ വഖഫ് നിയമ ഭേദഗതി ബിൽ നിയമമായി. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.
ബില്ലിൽ അടുത്ത ആഴ്ചയോടെ രാഷ്ട്രപതി ഒപ്പവയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിംലീഗും രാഷ്ട്രപതിയോടഭ്യർഥിച്ചിരുന്നു.
അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കിയിരുന്നു.