ആശ സമരത്തിനെതിരായ നിലപാട്; കെപിസിസി കടുപ്പിച്ചതോടെ സുധാകരനെ കണ്ട് വിശദീകരണം നൽകി ആർ. ചന്ദ്രശേഖരൻ
Saturday, April 5, 2025 8:30 PM IST
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെപിസിസി ആസ്ഥാനത്ത് എത്തി കെ. സുധാകരനെ കണ്ട് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. കെപിസിസി നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് ചന്ദ്രശേഖരൻ സുധാകരനെ നേരിട്ട് കണ്ട് വിശദീകരണം നൽകിയത്.
പാർട്ടി നയത്തിന് എതിരല്ല ഐഎൻടിയുസി എന്ന് ചന്ദ്രശേഖരൻ സുധാകരനെ അറിയിച്ചു. സർക്കാർ വിളിച്ച ചർച്ചയിൽ സമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് താനല്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം സമരം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ട ആശമാരെ അവരുടെ നേതാക്കൾ കഷ്ടപ്പെടുത്തുകയാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് ഐഎൻടിയുസിയല്ല. പഠനസമിതി നല്ലതെന്ന് ആദ്യം പറഞ്ഞത് സിഐടിയുവാണ്.
ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
എന്നാൽ ചന്ദ്രശേഖരന്റ് നിലപാട് തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. സമരത്തെ ചന്ദ്രശേഖരൻ വഞ്ചിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ആശാ സമരത്തിനെതിരേ നിലാപടെടുത്ത ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിലപാട് പാർട്ടിയുടേതോ ഐഎൻടിയുസിയുടെതോ അല്ലെന്നും സുധാകരൻ വ്യക്തമാക്കി.