ഉഭയകക്ഷി ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും; ഏഴു മേഖലകളിൽ ധാരണപത്രം ഒപ്പുവച്ചു
Saturday, April 5, 2025 6:55 PM IST
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏഴു മേഖലകളിൽ ധാരണപത്രം ഒപ്പുവച്ചു. ഊർജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ചേർന്ന് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ശ്രീലങ്കയിലെ ട്രിൻകോമലി നഗരം ഊർജ ഹബ്ബായി വളർത്തിയെടുക്കാൻ ഇന്ത്യയും ശ്രീലങ്കയും യുഎഇയും തമ്മിൽ ത്രികക്ഷി ധാരണപത്രത്തിലും ഒപ്പുവച്ചു.
ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നരേന്ദ്രമോദി നടത്തിയ ശ്രമങ്ങളെ മാനിച്ച് ശ്രീലങ്കൻ സർക്കാർ മിത്ര വിഭൂഷൻ നൽകി മോദിയെ ആദരിച്ചു.
ഉഭയകക്ഷി ചർച്ചയ്ക്കുശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണ് ശ്രീലങ്കയെന്ന് മോദി വിശേഷിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചയുടെ ഭാഗമായെന്നും ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം അത്യാവശ്യമാണെന്നും മോദി വ്യക്തമാക്കി.