കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപോലെ നടത്തിച്ചു; കൊച്ചിയിൽ ടാർജറ്റ് കൈവരിക്കാത്തതിന് ക്രൂരത
Saturday, April 5, 2025 3:23 PM IST
കൊച്ചി: ടാർജറ്റ് കൈവരിക്കാത്തതിനുള്ള ശിക്ഷാനടപടിയായി ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ച് സ്വകാര്യ കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും തൊഴിൽ വകുപ്പും അറിയിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് നടന്ന ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.