റിട്ട. ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
Saturday, April 5, 2025 2:36 PM IST
കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ കൊച്ചി സൈബര്‍ പോലീസ് പിടികൂടി.
കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന് നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നും പോലീസ് അറിയിച്ചു.
ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്
ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിംഗ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി.
ഗ്രൂപ്പില്‍ തന്നെ പങ്കുവച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി.
എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്കി. തുടര്‍ന്ന് കേസ് സൈബര്‍ പോലീസിന് കൈമാറുകയായിരുന്നു.