പള്ളിപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി; ഏഴ് പേർക്ക് പരിക്ക്
Saturday, April 5, 2025 12:08 PM IST
തിരുവനന്തപുരം: പള്ളിപ്പുറത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകളും പാല്‍വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കുണ്ട്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒമ്പതോടെ പള്ളിപ്പുറം ജംഗ്ഷനില്‍വച്ചാണ് അപകടം.
അപകടത്തിൽപ്പെട്ട മൂന്നുവാഹനങ്ങളും ആറ്റിങ്ങൽ ഭാഗത്തുനിന്നാണ് എത്തിയത്. ആദ്യം വന്ന ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു. ഈ സമയം അമിത വേഗത്തിൽ എത്തിയ രണ്ടാമത്തെ ബസ് നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിലാണ് പാൽവണ്ടിയും അപകടത്തിൽപെട്ടത്.
രണ്ടാമത്തെ ബസിന് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൂട്ടക്കൂട്ടിയിടിക്കിടെ ചില ബൈക്കുകളും അപകടത്തിൽപ്പെട്ടെന്നാണ് വിവരം. ബസുകൾക്കും പാൽവണ്ടിക്കും കാര്യമായ കേടുപാടുണ്ടായിട്ടുണ്ട്.