"പാക്കിസ്ഥാനിൽ നിന്നും വന്നവരാണോ'?: ഒഡീഷയിൽ വൈദികർക്ക് നേരെ പോലീസ് ആക്രമണം; ക്രൂരമർദനം
Saturday, April 5, 2025 11:24 AM IST
ഭുവനേശ്വർ: ഒഡീഷയിൽ മലയാളി വയോധികന് നേരെ ക്രൂരമർദനം. മാർച്ച് 22ന് പോലീസ് ഉദ്യോഗസ്ഥർ പള്ളിയിൽ കയറി അതിക്രമം നടത്തുകയും സഹവികാരിയെ മർദിക്കുകയും ചെയ്തുവെന്ന് ഇടവക വികാരി ഫാദർ ജോഷി ജോർജ് പറഞ്ഞു. കൂടാതെ പോലീസുകാർ പള്ളിയുടെ ഓഫീസ് മുറിയിൽ നിന്നും 40,000 രൂപ കവർന്നതായും പരാതിയുണ്ട്.
മേഖലയിൽ കഞ്ചാവ് പിടിക്കാനെത്തിയ ഗ്രാമവാസികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടർന്ന് പള്ളിയിലുമെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്ന പെൺകുട്ടികളെ അടിക്കാൻ തുടങ്ങി. ഇതോടെയാണ് വൈദികർ വിഷയത്തിൽ ഇടപെട്ടത്.
തുടർന്ന് വൈദികരെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പോലീസുകാർ, നിങ്ങൾ മതപരിവർത്തനം നടത്താൻ പാക്കിസ്ഥാനിൽ നിന്നും വന്നവരാണെന്ന് പറഞ്ഞ് അപമാനിച്ചു. കൂടാതെ കുട്ടികൾക്ക് മോശമായ വിദ്യാഭ്യാസമാണ് നൽകുന്നതെന്നും പറഞ്ഞ് കുറ്റപ്പെടുത്തി.
തുടർന്നാണ് സഹവികാരി ഡേവീസ് ജോർജിനെ പോലീസുകാർ ക്രൂരമായി മർദിച്ചത്. അടിച്ച് നിലത്തിടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ആക്രമണത്തിൽ പുരോഹിതന്റെ തോളെല്ലിന് പൊട്ടലുണ്ട്.
സംഭവത്തെക്കുറിച്ച് ബെഹരാംപുർ ബിഷപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്നും ഫാദർ ജോഷി ജോർജ് അറിയിച്ചു.
അതേസമയം, മേഖലയിൽ പോലീസ് ഐജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം.