ആശ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവർ: ആർ. ചന്ദ്രശേഖരൻ
Saturday, April 5, 2025 10:23 AM IST
തിരുവനന്തപുരം: ആശ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ട ആശമാരെ അവരുടെ നേതാക്കൾ കഷ്ടപ്പെടുത്തുകയാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് ഐഎൻടിയുസിയല്ല. പഠനസമിതി നല്ലതെന്ന് ആദ്യം പറഞ്ഞത് സിഐടിയുവാണ്.
ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
അതേസമയം, ട്രേഡ് യൂണിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആശ സമരസമിതി രംഗത്തെത്തി. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന് ആശ സമര സമിതി നേതാവ് മിനി വിമർശിച്ചു.
ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ്. ബാക്കിയുള്ളവർ ആ ആവശ്യത്തെ ആവേശത്തോടെ പിന്തുണച്ചു.
നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ. ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി.