ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Saturday, April 5, 2025 10:05 AM IST
പാലക്കാട്: ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. ആലുവയിലേക്ക് വരികയായിരുന്ന ഒഡീഷ സ്വദേശികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ഇടപെടലിൽ കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശി അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
പുലർച്ചെ 12.30ഓടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ വന്നത്. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവായതിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങി.
ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്.
കുട്ടിയെ കാണാതായതോടെ ദമ്പതികൾ പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ എവിടെ വച്ചാണ് കാണാതായതെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. തുടർന്ന് കുഞ്ഞിന്റെ ചിത്രം വച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ തടഞ്ഞുവച്ചു. മദ്യപിച്ച നിലയിലായിരുന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയയാൾ.
കുഞ്ഞ് യുവാവിന്റേതാണോയെന്ന ചോദ്യത്തിന്, നിങ്ങളുടെ കുഞ്ഞാണെങ്കിൽ എടുത്തോളൂയെന്നായിരുന്നു വെട്രിവേൽ നൽകിയ മറുപടി. ഇതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.