ഡിസിസി പുനസംഘടന നടപടികള്‍ ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ
Saturday, April 5, 2025 1:38 AM IST
ന്യൂഡൽഹി: കോൺഗ്രസ് ഡിസിസി പുനസംഘടന നടപടികൾ ആരംഭിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗുജറാത്തിൽ നിന്നും പുനസംഘടന ആരംഭിക്കും. എവിടെയൊക്കെ പുനസംഘടന വേണമോ അവിടെയെല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിനുശേഷമാണ് കെ.സി ഇക്കാര്യം അറിയിച്ചത്. 862 പ്രസിഡന്റുമാര്‍ മൂന്ന് ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ പങ്കെടുത്തുവെന്നും 20 വർഷത്തിനുശേഷമാണ് ഇത്തരം ഒരു യോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം യോഗങ്ങൾ സ്ഥിരം ചേരാനാണ് തീരുമാനം. സ്ഥിരം ഡിസിസി പ്രസിഡന്റുമാരുമായും ആശയ വിനിമയം നടത്തും. മൂന്ന് ഘട്ടമായാണ് യോഗം പൂർത്തിയാക്കിയത്. ഡിസിസി അധ്യക്ഷന്മാരുമായി നിരന്തരം ബന്ധപ്പെടാൻ പാർട്ടി തീരുമാനിച്ചു. കീഴ്ത്തട്ടിൽ പാർട്ടിയെ സജമാക്കാനാണ് നീക്കം
ഇത്തവണത്തെ എഐസിസി സമ്മേളനം ന്യായപഥ്, സങ്കൽപ്പ്, സമർപ്പൺ, സംഘർഷ് എന്നീ ആശയങ്ങളെ മുൻനിർത്തിയായിരിക്കുമെന്നും കെ.സി പറഞ്ഞു. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ ഗുജറാത്തിൽ വച്ചാണ് എഐസിസി സമ്മേളനം ചേരുക. 169 പേർ വിശാല പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ 1700ലധികം പേർ പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.