കെഎസ്ആർടിസിയിൽ ഹിതപരിശോധന 30ന്; വോട്ടെണ്ണൽ മേയ് മൂന്നിന്
Friday, April 4, 2025 7:56 PM IST
കൊല്ലം: കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന 30ന് നടത്തും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ബുധനാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ചു.
വരണാധികാരിയായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ബുധനാഴ്ച വിളിച്ചു ചേർത്ത മാനേജ്മെന്റിന്റെയും യൂണിയൻ പ്രതിനിധികളുടെയും യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഹിതപരിശോധനയുടെ ഷെഡ്യൂൾ തയാറാക്കിയത്.
കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധികരിച്ചു. ഇതിൻ മേലുള്ള ആക്ഷേപങ്ങൾ 11 വരെ സ്വീകരിക്കും. 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹിയറിംഗ് നടത്തും. 12ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
നാമനിർദ്ദേശ പത്രികകൾ 15ന് പകൽ 10 മുതൽ മൂന്ന് വരെ സമർപ്പിക്കാം. വൈകിട്ട് നാലിന് സൂക്ഷ്മപരിശോധന നടത്തും. 16ന് രാവിലെ 10 മുതൽ ഒന്നു വരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. ഉച്ചകഴിഞ്ഞ് രണ്ടിന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. മൂന്നിന് ബാലറ്റ് പേപ്പർ അംഗീകരിച്ച് പ്രസിദ്ധീകരിക്കും.
വോട്ടെടുപ്പ് 30ന് രാവിലെ എട്ട് മുതൽ വൈകിട്ട് വരെ നടക്കും. വോട്ടെണ്ണൽ മേയ് മൂന്നിന് രാവിലെ ഒൻപത് മുതൽ ആരംഭിക്കും. പോളിംഗ് സ്റ്റേഷനുകൾ കെഎസ്ആർടിസി യൂണിറ്റ് ഓഫീസുകളായിരിക്കും. വോട്ടെണ്ണൽ തിരുവനന്തപുരം ലേബർ കമ്മീഷണറുടെ കാര്യാലയത്തിരിക്കും നടക്കുക.