വഖഫ് ബിൽ: ജോസ് കെ. മാണിയുടെ അപ്രതീക്ഷിത നടപടി; പൊതുവായി എതിർത്തു, രണ്ട് വകുപ്പുകളെ അനുകൂലിച്ചു
Friday, April 4, 2025 6:41 PM IST
ന്യഡൽഹി: രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിനെ പൊതുവായി എതിർത്തെങ്കിലും രണ്ട് വകുപ്പുകളെ അനുകൂലിച്ച് കേരള കോൺഗ്രസ്-എം എംപി ജോസ് കെ. മാണി. എൽഡിഎഫിലെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ. മാണി. വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബിജെപിക്കൊപ്പം വോട്ട് ചെയ്തത്.
വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു.
എൽഡിഎഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ്-എം ചെയർമാനാണ് നിലവിൽ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതിൽ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.