ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു
Friday, April 4, 2025 3:56 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്.
മനഃപൂർവമല്ലാത്ത നരഹത്യ, അപകടകകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. പേരാമ്പ്ര ഡിഗ്നിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് ഷാദിൽ ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാദിൽ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു.