ഹെറോയിൻ കൈവശംവച്ചു; ഇൻസ്റ്റഗ്രാമിലെ വൈറൽ കോൺസ്റ്റബിളിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു
Friday, April 4, 2025 3:44 PM IST
ചണ്ഡീഗഡ്: ഹെറോയിൻ കൈവശം വച്ച പഞ്ചാബ് പോലീസിലെ കോൺസ്റ്റബിളിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു. അമൻദീപ് കൗറിനെതിരെയാണ് നടപടി. സമൂഹമാധ്യമത്തിൽ താരവുമാണ് ഇവർ.
പഞ്ചാബ് സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ "യുദ്ധ് നശേയൻ വിരുദ്' ന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രഹസ്യ വിവരത്തെ തുടർന്ന് കൗർ അറസ്റ്റിലായത്. 17.71 ഗ്രാം ഹെറോയിനാണ് ഇവരുടെ കൈവശം കണ്ടെത്തിയത്.
ബത്തിൻഡയിലെ ബാദൽ ഫ്ലൈഓവറിന് സമീപം വച്ച് പോലീസ്, മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സ് (എഎൻടിഎഫ്) എന്നിവരുമായി ചേർന്ന് കൗറിന്റെ മഹീന്ദ്ര താർ പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹർബൻസ് സിംഗ് പറഞ്ഞു. ജസ്വന്ത് സിംഗ് എന്നൊരാളും അവർക്കൊപ്പമുണ്ടായിരുന്നു.
അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ബതിന്ദ പോലീസ് ലൈനിലാണ് കൗർ സേവനമനുഷ്ഠിച്ചിരുന്നത്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ "പോലീസ് കൗർദീപ്' എന്ന പേരിൽ അറിയപ്പെടുന്ന ഇവർ പതിവായി റീലുകൾ പങ്കുവച്ചിരുന്നു. ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ 37,000-ത്തിലധികം ഫോളോവേഴ്സുണ്ട്.