പൂരം അലങ്കോലപ്പെടുത്തൽ; മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
Friday, April 4, 2025 3:23 PM IST
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. യുക്തിപരമായ തീരുമാനത്തില്‍ അന്വേഷണം എത്തിച്ചേരണം. ഈ വര്‍ഷത്തെ പൂരം ശരിയായി നടത്തണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലത്തെ സംഭവങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും ചട്ടം ലംഘിക്കാന്‍ ശ്രമിച്ചാല്‍ കൃത്യമായ നിയമനടപടി സ്വീകരിക്കണം. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ഇത്തവണത്തെ പൂരം നടത്തിപ്പ്.
പരാതികള്‍ക്ക് ഇടവരുത്തരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.