ചാവക്കാട്ട് ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറി മറിഞ്ഞു; ഡ്രൈവർക്കു പരിക്ക്
Friday, April 4, 2025 12:01 PM IST
തൃശൂർ: ദേശീയപാത 66ൽ ചാവക്കാട്ടെ ബേബി റോഡിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മംഗളൂരുവിൽനിന്ന് സ്റ്റീൽ പൈപ്പുകൾ കയറ്റി കായംകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇന്നു പുലർച്ചെയാണ് സംഭവം. റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ കാസർഗോഡ് സ്വദേശി ഫാറസിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ റോഡിന്റെ വശങ്ങളിൽ കുഴികളും മറ്റും മൂടാതെ കിടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്ന് ലോറികൾ മറിയുകയും ഏതാനും ലോറികൾ ചെരിയുകയും ചെയ്തു. ലോറിയിൽ കയറ്റുന്ന അമിതഭാരവും ലോറി മറിയാൻ കാരണമാകുന്നുണ്ട്.