വഖഫ് ബില്ലിനെ നേരിടാൻ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Friday, April 4, 2025 11:41 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
"ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുള്ള തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്ക്കെതിരായ മോദി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കും'- അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയും മുസ്ലീം ലീഗും അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന.
വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഡിഎംകെ സര്‍ക്കാര്‍ തുടർ നടപടികള്‍ സ്വീകരിക്കുക.