ബിയർകുപ്പി എറിഞ്ഞു കുട്ടിയെ പരിക്കേൽപ്പിച്ചയാൾ പിടിയിൽ
Friday, April 4, 2025 7:37 AM IST
തിരുവനന്തപുരം: ബിയർകുപ്പി എറിഞ്ഞ് കുട്ടിയെ പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ബാറിന്റെ മുൻവശത്തുനിന്നെറിഞ്ഞ ബിയർ കുപ്പി ദേഹത്തുവീണു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസുകാരനും പിതാവിനും പരിക്കേറ്റ സംഭവത്തിലാണ് പ്രതി പിടിയിയിലായത്.
കാട്ടാക്കട കട്ടയ്ക്കോട് കാവുവിള പുത്തൻവീട്ടിൽ മുഹമ്മദ് നദീമാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് നദീമിനെ നിരീക്ഷിച്ചതും ഒടുവിൽ പിടികൂടിയതും.
നദീമിന്റെ സംഘവും മറ്റൊരു സംഘവും തമ്മിലുള്ള തർക്കവും പിന്നെ കൈയാങ്കളിയുമാണ് ബിയർകുപ്പി വലിച്ചെറിഞ്ഞ സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. നദീമും കൂട്ടരും ബാറിനകത്ത് വഴക്കുണ്ടാക്കിയിരുന്നു.
അതിനു പിന്നാലെ നദീമിനെ മർദിക്കുമെന്നു വാക്കേറ്റത്തിലായ സംഘാംഗങ്ങൾ ഭീഷണിമുഴക്കി. ഇതുകേട്ടു പ്രകോപിതനായ ഇയാൾ ബാറിനു മുന്നിലെ ഗേറ്റിൽ എത്തിയപ്പോൾ അസഭ്യവർഷം നടത്തുന്ന മറ്റൊരു ടീം കാറിൽ ഇരിക്കുന്നതായി കണ്ടു.
തുടർന്നാണു തന്റെ കൈയിലിരുന്ന ബിയർകുപ്പി റോഡിൽ എറിഞ്ഞതും അതു പൊട്ടി ചിതറി സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയേയും പിതാവിനെയും പരിക്കേൽപ്പിച്ചതും.
സംഭവസ്ഥലത്തുനിന്നാൽ ദോഷമാകുമെന്നു കണ്ട ഇയാൾ രക്ഷപ്പെട്ടു പൂവാറിൽ പോവുകയായിരുന്നു. ഇയാൾ ഗൂഗിൾ പേ വഴിയാണ് ബാറിൽ ബില്ലടിച്ചത്. അവിടെനിന്നു ലഭിച്ച ഫോൺ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നദീം പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യും. മാർച്ച് 31 രാത്രി പത്തോടെ കാട്ടാക്കട- തിരുവനന്തപുരം റോഡിലെ ബാറിനു മുന്നിലായിരുന്നു സംഭവം. കള്ളിക്കാട് അരുവിക്കുഴി സ്വദേശിയായ രജനീഷിനും മകൻ ആദം ജോണിനുമാണ് പരിക്കേറ്റത്.
കുഞ്ഞിന്റെ കാലിൽ ബിയർകുപ്പിയുടെ ചില്ല് പതിച്ച് മുറിവുണ്ടായി. നെഞ്ചിലും തലയിലും കുപ്പിയുടെ ചില്ലുകൾ വന്നു പതിച്ചു. ചില്ലുപതിച്ചതിനെ തുടർന്നു ബാലൻസ് നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞതോടെ രജനീഷിനും സാരമായി പരിക്കേറ്റിരുന്നു.