ബംഗളൂരുവിൽ ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
Friday, April 4, 2025 7:07 AM IST
ബംഗളൂരു: കർണാടകയിൽ ബിഹാർ സ്വദേശിനിയായ 19കാരിക്ക് പീഡനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. ബംഗുളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
എറണാകുളത്ത് നിന്നും ബംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഒരു പരിശീലന പരിപാടി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിപോകുകയായിരുന്നു കുട്ടി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഇവിടേക്ക് സഹോദരനും എത്തിയിരുന്നു.
പുലർച്ചെ 1.10 ഓടെ കുട്ടി കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് പെൺകുട്ടിയും സഹോദരനും ഭക്ഷണം കഴിക്കാനായി മഹാദേവപുരയിലെ ഒരു റെസ്റ്റോറന്റിലേക്ക് പോയി.
പിന്തുടർന്നെത്തിയ രണ്ട് പേർ ഇവരെ ആക്രമിക്കുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ശിവകുമാർ പറഞ്ഞു.
കരച്ചിൽകേട്ടെത്തിയ പ്രദേശവാസികളാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. കൂടാതെ പ്രതികളിലൊരാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടി.
പ്രതികൾ മുലബാഗിലുവിൽ നിന്നുള്ളവരാണെന്നും ഇവിടെ ഓട്ടോ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ബലാത്സംഗം, നിർബന്ധിത തടങ്കലിൽ വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.