കൊലപാതകശ്രമം; ഒളിവിൽപോയ യുവാവ് 20 വര്‍ഷത്തിനുശേഷം പിടിയിൽ
Friday, April 4, 2025 6:57 AM IST
തിരുവനന്തപുരം: കുടുംബജീവിതം നയിച്ചുവന്ന കുപ്രസിദ്ധ ഗുണ്ടയെ നീണ്ട 20 വര്‍ഷത്തിനുശേഷം കര്‍ണാടകയിലെ മംഗലാപുരത്തുനിന്നു വഞ്ചിയൂര്‍ പോലീസിന്റെ പ്രത്യേക സംഘം പിടികൂടി. ചാക്ക മാനവ നഗര്‍ വയലില്‍ വീട്ടില്‍ ലാലു എന്നുവിളിക്കുന്ന സനല്‍കുമാര്‍ (42) ആണ് പിടിയിലായത്.
2006-വരെ തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വധശ്രമം, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഏര്പ്പെട്ടുവന്നയാളാണ് സനല്‍കുമാര്‍. വഞ്ചിയൂര്‍ സ്വദേശി സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇയാളെ പിന്നീട് പോലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം അന്വേഷണം പുരോഗമിച്ചത്.
മംഗലാപുരത്ത് കര്‍ണാടകക്കാരിയായ ഭാര്യയും മൂന്നുമക്കളുമായി കഴിയുകയായിരുന്നു ലാലു. പോലീസ് വീട്ടിലെത്തുന്നതുവരെയും ലാലു ക്രിമിനല്‍ക്കേസ് പ്രതിയാണെന്നു വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മംഗലാപുരത്ത് നാട്ടുകാര്‍ക്കിടയില്‍ മുസ്തഫ എന്നപേരിലാണ് ഇയാള്‍ ജീവിച്ചുവന്നിരുന്നത്. ഓട്ടോഡ്രൈവറായി ജീവിതം നയിച്ചുവന്ന ലാലുവിനെക്കുറിച്ചു പ്രദേശവാസികള്‍ക്ക് നല്ലതുമാത്രമാണ് പറയാനുണ്ടായിരുന്നത്.
പിന്നീടാണ് അവരും വാസ്തവം അറിയുന്നത്. ശംഖുംമുഖം എസി അനുരൂപിന്റെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ സിഐഎച്ച്എസ് ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അലക്സ്, ജോസ്, എസ്സിപിഒമാരായ ഷാബു, സജീവ്, സിപിഒമാരായ സുബിന്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.