ക്രിസ്ത്യാനികളുടെ പേരിൽ ബിജെപി മുതലക്കണ്ണീരൊഴുക്കുന്നു: ജോൺ ബ്രിട്ടാസ് എംപി
Thursday, April 3, 2025 5:22 PM IST
ന്യൂഡൽഹി: ക്രിസ്ത്യാനികളുടെ പേരിൽ കേന്ദ്രം മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
ഗ്രഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്നില്ലേയെന്നും ജബൽ പൂർ വിഷയം ഉയർത്തി ബ്രിട്ടാസ് ചോദിച്ചു. ബിജെപി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ട്. തൃശൂരുകാർക്ക് ഒരു തെററുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബിജെപിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് എബിസിഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോൺ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീംകളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു.