ജബല്‍പൂരിലെ വിഎച്ച്പി ആക്രമണം; ക്രൂരമര്‍ദനത്തിന് ഇരയായെന്ന് വൈദികർ
Thursday, April 3, 2025 9:56 AM IST
ജബല്‍പൂർ: മധ്യപ്രദേശിലെ ജബല്പൂരില് ക്രൈസ്തവ വിശ്വാസി സംഘത്തെ വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങള്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും ഫാദര്‍ ജോര്‍ജും പ്രതികരിച്ചു.
ജയ് ശ്രീറാം വിളിച്ച് സംഘമായി എത്തിയവർ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ മുന്നിലിട്ടായിരുന്നു മർദനം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.
മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെയായിരുന്നു തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം.
തീര്‍ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വൈദികരെയും വിശ്വാസികളെയും മര്‍ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. സംഭവത്തെ സിബിസിഐ അപലപിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിരുന്നു.